Recent Posts

2013, മാർച്ച് 29, വെള്ളിയാഴ്‌ച

നിതാഖാത്‌ - നാം അറിയേണ്ടത്

സൗദി അറേബ്യയിലെ തൊഴില്‍ രഹിതരായ സ്വദേശികള്‍ക്ക് തൊഴില്‍നല്‍കുന്നതിനായി സൗദി തൊഴില്‍ മന്ത്രാലയം ആവിഷ്ക്കരിച്ച പദ്ധതിയാണ് നിതാഖാത്‌. നിതാഖാത്‌ എന്ന വാക്കിന്‍റെ അര്‍ത്ഥം തരംതിരിക്കല്‍ എന്നാണ്. സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും പത്തോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്നതുമായ എല്ലാ സ്ഥാപനങ്ങളിലും ഉള്ള സ്വദേശികളുടെ അനുപാതത്തിനനുസരിച്ച് ആ സ്ഥാപനങ്ങളെ തരം തിരിക്കുക എന്നതാണ്‌ നിതാഖാത്‌ കൊണ്ട് ഉദ്ദേശിക്കുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, വെള്ള എന്നിങ്ങനെ നാല് വിഭാഗങ്ങള്‍ ആയാണ് തരംതിരിവ്. ഇതില്‍ പച്ച, വെള്ള എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കമ്പനികള്‍ സൗദി തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന അനുപാതത്തിലുള്ള സ്വദേശിവല്‍ക്കരണം നടത്തിക്കഴിഞ്ഞതിനാല്‍ അവ നടപടികളില്‍ നിന്നും ഒഴിവാക്കപ്പെടുകയും ഭാവിയില്‍ തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുമുള്ള ആനുകൂല്യങ്ങള്‍ക്കും ഇളവുകള്‍ക്കും അര്‍ഹമാക്കപ്പെടുകായും ചെയ്യും. എന്നാല്‍ ചുവപ്പ്, മഞ്ഞ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കമ്പനികള്‍ക്ക് നിശ്ചിത ശതമാനം സ്വദേശികളെ നിയമിച്ചുകൊണ്ട് പച്ച, വെള്ള എന്നീ സുരക്ഷിത വിഭാഗങ്ങളിലേക്ക് മാറി ശിക്ഷാനടപടികളില്‍ നിന്നും ഒഴിവാകാന്‍ തൊഴില്‍ മന്ത്രാലയം അനുവദിച്ച സമയപരിധിയാണ് അടുത്തിടെ അവസാനിച്ചത്. ഈ സമയപരിധി അവസാനിക്കുമ്പോള്‍ ചുവപ്പ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 2.5 ലക്ഷം കമ്പനികള്‍ ഉണ്ടെന്നാണ്അറിയാന്‍ കഴിയുന്നത്. ഇവയുടെ ലൈസന്‍സ്‌ ഉടന്‍തന്നെ റദ്ദാകും. മാര്‍ച്ച് 30 മുതല്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധന ഉണ്ടാകുമെന്നും അതില്‍ പിടിക്കപ്പെടുന്നവര്‍ നാടുകടത്തല്‍, ജയില്‍ശിക്ഷ എന്നിങ്ങനെ യുള്ള ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കപ്പെടുമെന്നതാണ് ഇപ്പോഴുള്ള ആശങ്കക്ക് കാരണം.
ആവശ്യമായ സ്വദേശികളുടെ കുറഞ്ഞ അനുപാതം ശതമാനത്തില്‍
എന്തിനീ നിതാഖാത്‌ ?
സമീപകാലത്ത് അറബ് രാജ്യങ്ങളില്‍ ഉണ്ടായ വിപ്ലവങ്ങളുടെ ചുവടുപിടിച്ച് 
സൗദി അറേബ്യയിലും തൊഴില്‍ രഹിതരായ യുവാക്കളുടെ ഇടയില്‍ ഭരണകൂടത്തിനെതിരായ വികാരം ശക്തമാകാനും അത് പ്രക്ഷോഭങ്ങള്‍ക്ക് വഴിതെളിക്കാനുമുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് സൗദിഭരണകൂടം ഇത്ര കര്‍ക്കശമായ നിലയില്‍ സ്വദേശിവല്‍ക്കരണം നടത്താന്‍ മുന്‍കൈയെടുക്കുന്നതിനുള്ള പ്രധാന കാരണം.
മലയാളിയും നിതാഖാതും
സൗദി സ്പോണ്‍സര്‍ക്ക് ഒരു നിശ്ചിത തുക മാസവിഹിതമായി നല്‍കിക്കൊണ്ട് കുറച്ച് മലയാളികള്‍ ചേര്‍ന്ന്‍ പങ്കാളിത്തത്തോടെ കച്ചവടം, ഹോട്ടല്‍, വര്‍ക്ക്ഷോപ്പ്, വിതരണസ്ഥാപനം, കൊണ്ട്രാക്ടിഗ്ഏജന്‍സി പോലെയുള്ളവ നടത്തുന്നത് സൌദിയില്‍ സാധാരണമാണ്. ഇത്തരം സ്ഥാപനങ്ങളില്‍ സ്വദേശി തൊഴിലാളികളെ നിയമിക്കുന്നത് പ്രായോഗികമല്ല. അപ്പോള്‍ ആ സ്ഥാപനത്തിന്റെ ലൈസന്‍സ്  റദ്ദാക്കപ്പെടുകയും അവര്‍ക്ക്‌ വരുമാനമാര്‍ഗ്ഗവും ആ സ്ഥാപനത്തിനായി മുടക്കിയ നിക്ഷേപവും നഷ്ടപ്പെടും. അതുപോലെ തന്നെയാണ് ആവശ്യമായ രേഖകള്‍ ഇല്ലാതെ കഴിയുന്നവരുടെ അവസ്ഥയും. അവര്‍ ഏതു നിമിഷവും പിടിക്കപ്പെടാം. അങ്ങനെ പരിശോധനകളാല്‍ പിടിക്കപ്പെട്ട് നാട്കടത്തപ്പെട്ടാല്‍ പിന്നെ അജീവാനന്തം ഒരു ഗള്‍ഫ് രാജ്യത്തേക്കും തിരികെ പോകാന്‍ അവര്‍ക്ക്‌ കഴിയുകയില്ല.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ