Recent Posts

2013, മാർച്ച് 29, വെള്ളിയാഴ്‌ച

നിതാഖാത്‌ - നാം അറിയേണ്ടത്

സൗദി അറേബ്യയിലെ തൊഴില്‍ രഹിതരായ സ്വദേശികള്‍ക്ക് തൊഴില്‍നല്‍കുന്നതിനായി സൗദി തൊഴില്‍ മന്ത്രാലയം ആവിഷ്ക്കരിച്ച പദ്ധതിയാണ് നിതാഖാത്‌. നിതാഖാത്‌ എന്ന വാക്കിന്‍റെ അര്‍ത്ഥം തരംതിരിക്കല്‍ എന്നാണ്. സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും പത്തോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്നതുമായ എല്ലാ സ്ഥാപനങ്ങളിലും ഉള്ള സ്വദേശികളുടെ അനുപാതത്തിനനുസരിച്ച് ആ സ്ഥാപനങ്ങളെ തരം തിരിക്കുക എന്നതാണ്‌ നിതാഖാത്‌ കൊണ്ട് ഉദ്ദേശിക്കുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, വെള്ള എന്നിങ്ങനെ നാല് വിഭാഗങ്ങള്‍ ആയാണ് തരംതിരിവ്. ഇതില്‍ പച്ച, വെള്ള എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കമ്പനികള്‍ സൗദി തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന അനുപാതത്തിലുള്ള സ്വദേശിവല്‍ക്കരണം നടത്തിക്കഴിഞ്ഞതിനാല്‍ അവ നടപടികളില്‍ നിന്നും ഒഴിവാക്കപ്പെടുകയും ഭാവിയില്‍ തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുമുള്ള ആനുകൂല്യങ്ങള്‍ക്കും ഇളവുകള്‍ക്കും അര്‍ഹമാക്കപ്പെടുകായും ചെയ്യും. എന്നാല്‍ ചുവപ്പ്, മഞ്ഞ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കമ്പനികള്‍ക്ക് നിശ്ചിത ശതമാനം സ്വദേശികളെ നിയമിച്ചുകൊണ്ട് പച്ച, വെള്ള എന്നീ സുരക്ഷിത വിഭാഗങ്ങളിലേക്ക് മാറി ശിക്ഷാനടപടികളില്‍ നിന്നും ഒഴിവാകാന്‍ തൊഴില്‍ മന്ത്രാലയം അനുവദിച്ച സമയപരിധിയാണ് അടുത്തിടെ അവസാനിച്ചത്. ഈ സമയപരിധി അവസാനിക്കുമ്പോള്‍ ചുവപ്പ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 2.5 ലക്ഷം കമ്പനികള്‍ ഉണ്ടെന്നാണ്അറിയാന്‍ കഴിയുന്നത്. ഇവയുടെ ലൈസന്‍സ്‌ ഉടന്‍തന്നെ റദ്ദാകും. മാര്‍ച്ച് 30 മുതല്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധന ഉണ്ടാകുമെന്നും അതില്‍ പിടിക്കപ്പെടുന്നവര്‍ നാടുകടത്തല്‍, ജയില്‍ശിക്ഷ എന്നിങ്ങനെ യുള്ള ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കപ്പെടുമെന്നതാണ് ഇപ്പോഴുള്ള ആശങ്കക്ക് കാരണം.
ആവശ്യമായ സ്വദേശികളുടെ കുറഞ്ഞ അനുപാതം ശതമാനത്തില്‍
എന്തിനീ നിതാഖാത്‌ ?
സമീപകാലത്ത് അറബ് രാജ്യങ്ങളില്‍ ഉണ്ടായ വിപ്ലവങ്ങളുടെ ചുവടുപിടിച്ച് 
സൗദി അറേബ്യയിലും തൊഴില്‍ രഹിതരായ യുവാക്കളുടെ ഇടയില്‍ ഭരണകൂടത്തിനെതിരായ വികാരം ശക്തമാകാനും അത് പ്രക്ഷോഭങ്ങള്‍ക്ക് വഴിതെളിക്കാനുമുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് സൗദിഭരണകൂടം ഇത്ര കര്‍ക്കശമായ നിലയില്‍ സ്വദേശിവല്‍ക്കരണം നടത്താന്‍ മുന്‍കൈയെടുക്കുന്നതിനുള്ള പ്രധാന കാരണം.
മലയാളിയും നിതാഖാതും
സൗദി സ്പോണ്‍സര്‍ക്ക് ഒരു നിശ്ചിത തുക മാസവിഹിതമായി നല്‍കിക്കൊണ്ട് കുറച്ച് മലയാളികള്‍ ചേര്‍ന്ന്‍ പങ്കാളിത്തത്തോടെ കച്ചവടം, ഹോട്ടല്‍, വര്‍ക്ക്ഷോപ്പ്, വിതരണസ്ഥാപനം, കൊണ്ട്രാക്ടിഗ്ഏജന്‍സി പോലെയുള്ളവ നടത്തുന്നത് സൌദിയില്‍ സാധാരണമാണ്. ഇത്തരം സ്ഥാപനങ്ങളില്‍ സ്വദേശി തൊഴിലാളികളെ നിയമിക്കുന്നത് പ്രായോഗികമല്ല. അപ്പോള്‍ ആ സ്ഥാപനത്തിന്റെ ലൈസന്‍സ്  റദ്ദാക്കപ്പെടുകയും അവര്‍ക്ക്‌ വരുമാനമാര്‍ഗ്ഗവും ആ സ്ഥാപനത്തിനായി മുടക്കിയ നിക്ഷേപവും നഷ്ടപ്പെടും. അതുപോലെ തന്നെയാണ് ആവശ്യമായ രേഖകള്‍ ഇല്ലാതെ കഴിയുന്നവരുടെ അവസ്ഥയും. അവര്‍ ഏതു നിമിഷവും പിടിക്കപ്പെടാം. അങ്ങനെ പരിശോധനകളാല്‍ പിടിക്കപ്പെട്ട് നാട്കടത്തപ്പെട്ടാല്‍ പിന്നെ അജീവാനന്തം ഒരു ഗള്‍ഫ് രാജ്യത്തേക്കും തിരികെ പോകാന്‍ അവര്‍ക്ക്‌ കഴിയുകയില്ല.

2013, മാർച്ച് 14, വ്യാഴാഴ്‌ച

കേരളാ മോഡൽ ആരോഗ്യ പരിരക്ഷ - ഒരു നവോത്ഥാനത്തിന്റെ ആവശ്യകത.

കേരളാ മോഡൽ ആരോഗ്യ പരിരക്ഷയെ വ്യത്യസ്തവും ഫലപ്രദവും അനുകരണീയവും ആക്കിത്തീർത്ത ഒരു പ്രധാനഘടകം അമേരിക്കയെപ്പോലെയുള്ള വികസിത രാജ്യങ്ങളിലെ ജനങ്ങൾ ആരോഗ്യ പരിരക്ഷാ രംഗത്ത് നേടിയെടുത്തതിനു സമാനമായ നേട്ടങ്ങൾ അതിനായി അവർ ചിലവഴിച്ചതിന്റെ ഒരു ചെറിയ ശതമാനം തുക മാത്രം ചെലവഴിച്ച് കേരളത്തിലെ ജനങ്ങൾക്ക് നേടിയെടുക്കാൻ കഴിഞ്ഞു എന്നുള്ളതാണ്. എന്നാൽ സമീപകാലപ്രവണതകൾ കാണിക്കുന്നത് ഈ നേട്ടങ്ങൾ നമുക്ക് ഏറെക്കാലം തുടരാൻ സാധിക്കുകയില്ലെന്നും അത് കേരളാ മോഡൽ ആരോഗ്യ പരിരക്ഷയുടെ അകാല അന്ത്യത്തിനു വഴി വെക്കും എന്നുമാണ്. അതു കൊണ്ടുതന്നെ ഈ രംഗത്ത് ഒരു നവോത്ഥാനത്തിന്റെ ആവശ്യകത ഏറെയാണ്. അതിന് ഇന്നത്തെ സാഹചര്യത്തിൽ ഭരണകൂടവും ജുഡീഷ്യറിയും മാധ്യമങ്ങളും ജനങ്ങളും ഒന്നിച്ചുനിന്ന് ഒരു ദീർഘകാല ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് കേരളത്തിലെ ആരോഗ്യ ആരോഗ്യ പരിരക്ഷാ രംഗത്തെ ഉടച്ചുവാർക്കേണ്ടത് അത്യാവശ്യമാണ്.

മറ്റേതൊരു രംഗത്തേയും പോലെ അഴിമതിയാണ് ഈ രംഗത്തെ ഏറ്റവും പ്രധാന പ്രശ്നം. സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സകാര്യ ആശുപത്രികൾക്ക് ഈ രംഗത്ത് നിർണ്ണായക സ്വാധീനം നൽകുന്നു. ആ അവസരം മുതലാക്കി സ്വകാര്യ ആശുപത്രി നടത്തിപ്പുകാർ "സേവനത്തിനു" പകരം "കച്ചവടത്തെ" പ്രതിഷ്ഠിക്കുമ്പോൾ ആരോഗ്യ മേഖലയുടെ തകർച്ച അനിവാര്യമാകുന്നു. അതോടൊപ്പം "എത്തിക്സ്" എന്താണെന്നറിയാത്ത ഒരു വിഭാഗം ഡോക്ടർമാരും ആരും ചോദിക്കാനില്ലാത്ത അനുബന്ധ സംവിധാനങ്ങളും ക്രിയാത്മകമായി ഒന്നും ചെയ്യാൻ സമയമില്ലാത്ത ഭരണസംവിധാനവും ഒച്ചിന്റെ വേഗത പോലുമില്ലാത്ത ജുഡീഷ്യറിയും "എക്സ്ക്ലൂസീവ്" മാത്രം അന്വേഷിച്ചു നടക്കുന്ന മാധ്യമങ്ങളും കൂടിയാകുമ്പോൾ കേരളാ മോഡൽ ആരോഗ്യ പരിരക്ഷയെ തെക്കോട്ടെടുക്കാൻ വടക്കേപ്പറമ്പിലെ മാവുമുറിക്കണോ അതോ വൈദ്യുത ശ്മശാനം മതിയാകുമോ എന്ന ഒരൊറ്റച്ചോദ്യമേ ബാക്കിയാകൂ.

ഇന്ന് കൊള്ളപ്പലിശക്കാരും സ്വർണ്ണക്കച്ചവടക്കാരും മദ്യക്കച്ചവടക്കാരും ഭൂമിക്കച്ചവടക്കാരും ഉൾപ്പടെയുള്ളവർ അമിതലാഭസാധ്യത ലക്ഷ്യമാക്കി കേരളത്തിൽ ആതുരാലയ ശൃംഖലകൾ തുടങ്ങാനായി മുന്നോട്ട് വരുന്നത് തന്നെ നമുക്ക് ഒരു മുന്നറിയിപ്പാകേണ്ടതാണ്. സംഘടിതരും ശക്തരും ഉന്നതങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിവുള്ളവരുമായ ഇത്തരം ഹോസ്പിറ്റൽ ഉടമകളേയും ഡോക്ടർമാരേയും സഹായിക്കാൻ 2010-ൽ കേരളാ ഗവർണർ അംഗീകാരം നൽകിയ "കേരളാ ആരോഗ്യ പ്രവർത്തകരും ആരോഗ്യ സേവന സ്ഥാപനങ്ങളും അക്രമവും സ്വത്ത് നശിപ്പിക്കലും തടയൽ നിയമം"  പോലുള്ള കരിനിയമങ്ങളും കൂടിയാകുമ്പോൾ സംഘടിതരല്ലാത്ത രോഗികളുടെ അവസ്ഥ എന്താകുമെന്ന് പറയേണ്ടതില്ലല്ലോ? തനിക്ക് എഴുതിത്തന്ന മരുന്നും ടെസ്റ്റുകളും എന്തിനുള്ളതാണെന്ന് ചോദിക്കുന്നത് പോലും ഇഷ്ടപ്പെടാത്ത ഡോക്ടറും ബില്ലിലെ തുക ഇനം തിരിച്ച് പറയാൻ ആവശ്യപ്പെട്ടാൽ മുഖം വീർപ്പിക്കുന്ന നഴ്സും ഒരു ഡോക്ടർ എഴുതിയ മരുന്ന് ആ ഹോസ്പിറ്റലിലല്ലാതെ മറ്റൊരിടത്തും ലഭിക്കാത്ത അവസ്ഥയും ചികിത്സിക്കുന്ന ഡോക്ടറെ തൃപ്തിപ്പെടുത്താൻ അദ്ദേഹം നിർദ്ദേശിക്കുന്ന സ്കാനിംഗ് സെന്ററിൽ നിന്നു തന്നെ അധികപണം കൊടുത്ത് പരിശോധനകൾ നടത്തേണ്ടി വരികയും ചെയ്യുന്ന സാഹചര്യവും ഇന്ന് മലയാളിക്ക് ഏറെ പരിചിതമാണ്.

ശരിക്കും ഇവരിൽ ഭൂരിഭാഗവും ചെയ്യുന്നത് രോഗികൾക്ക് തങ്ങളുടെ രോഗത്തെക്കുറിച്ചുള്ള അജ്ഞത മുതലെടുത്ത് അവരെക്കൊണ്ട് വേണ്ടതും വേണ്ടാത്തതുമായ പരിശോധനകൽ നടത്തിക്കുകയും രോഗികളിൽ നിന്നും അന്യായമായി സാമ്പത്തികനേട്ടം ഉണ്ടാക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. ഒരേ പരിശോധനയ്ക്ക് പല സ്ഥലങ്ങളിൽ പല വില. ഒരേ മരുന്ന് പല കമ്പനികൾ പുറത്തിറക്കുമ്പോൾ വിലയിലെ അന്തരം ഭയാനകം. ഡോക്ടർ നിർദ്ദേശിക്കുന്ന പരിശോധനകളും മരുന്നുകളും ചികിത്സാരീതിയുമൊക്കെ തനിക്ക് ആവശ്യമുള്ളതാണോ എന്നറിയാൻ രോഗിക്ക് ഒരു മാർഗ്ഗവുമില്ല. ഒരു സെക്കന്റ് ഒപ്പീനിയനു വേണ്ടി പോകാനാണെങ്കിൽ പോലും രോഗിക്ക് തന്റെ രോഗവിവരങ്ങൾ അടങ്ങിയ ഫയലിന്റെ ഒരു പകർപ്പ് കിട്ടുക എന്നത് പലപ്പോഴും ആസാധ്യമാണ്.

ഇവിടെയാണ് പേർസണൽ ഹെൽത്ത് റെക്കോർഡ് (PHR) പോലെയുള്ള സങ്കേതങ്ങൾ നമുക്ക് പരീക്ഷിക്കാവുന്നത്. ഒരാളുടെ രക്തഗ്രൂപ്പു മുതൽ അയാൾക്ക് നടത്തിയ ശസ്ത്രക്രിയകൾ വരെയുള്ള എല്ലാ ആരോഗ്യസംബന്ധിയായ കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള രേഖയാണിത്. ഇതിൽ ആ വ്യക്തിക്ക് പാരമ്പര്യമായി വരാൻ സാധ്യതയുള്ള രോഗങ്ങൾ, എടുത്ത പ്രതിരോധ കുത്തിവെയ്പ്പുകൾ, പരിശോധനാ ഫലങ്ങൾ, കഴിക്കുന്ന മരുന്നുകൾ, മരുന്നുകളോടും അല്ലാത്തതുമായ അലർജികൾ, വന്നിട്ടുള്ള രോഗങ്ങളും ലഭ്യമാക്കിയിട്ടുള്ള ചികിത്സകളും, ചികിത്സിക്കുന്ന ഡോക്ടർ, എന്നിങ്ങനെ എല്ലാ ആരോഗ്യസംബന്ധിയായ വിവരങ്ങളും പേർസണൽ ഹെൽത്ത് റെക്കോർഡ് (PHR) -ൽ ഉൾക്കൊള്ളിക്കാവുന്നതാണ്. ചികിത്സ തേടുന്ന ഓരോ വ്യക്തിയും തന്റെ  PHR കയ്യിൽ കരുതുകയും അതിൽ അയാളെ സംബന്ധിച്ച എല്ലാ ആരോഗ്യ സംബന്ധമായ വിവരങ്ങളും ചികിത്സാ സമയത്ത് രേഖപ്പെടുത്തുക എന്നത് ഡോക്ടറുടെ നിർബന്ധ ബാധ്യതയാകുകയും അതോടൊപ്പം താൻ നിർദ്ദേശിക്കുന്ന പരിശോധനകളും ചികിത്സാ രീതികളും എന്തുകൊണ്ട് ആ രോഗിക്ക് ആവശ്യമാണെന്ന് അതിൽ ഡോക്ടർ രേഖപ്പെടുത്തേണ്ടി വരികയും ചെയ്താൽ രോഗികൾക്ക് തങ്ങളുടെ രോഗത്തെക്കുറിച്ച് മറ്റ് ഡോക്ടർമാരുമാരെയോ ആരോഗ്യപ്രവർത്തകരെയോ സമീപിച്ച് സംശയനിവൃത്തി വരുത്തുവാനും തനിക്ക് ആവശ്യം വരുമ്പോൾ സൗകര്യപ്രദമായതും സമീപസ്ഥവുമായ ഏതൊരു ആശുപത്രിയിൽ നിന്നും PHR-ന്റെ സഹായത്തോടെ ആവശ്യമായ ചികിത്സ ലഭ്യമാക്കാനും സാധിക്കും. അങ്ങനെ ഈ രംഗത്തുള്ള പല അനാവശ്യ പ്രവണതളേയും ഫലപ്രദമായി നിയന്തിക്കാനും സാധിക്കും.

മറ്റൊന്ന് പരിശോധനകൾക്കും ചികിത്സകൾക്കും ഒരു പരമാവധി വില നിശ്ചയിക്കുക എന്നുള്ളതാണ്. ഇത് ചികിത്സകളും ടെസ്റ്റുകളും നടത്തേണ്ടി വരുമ്പോൾ രോഗിക്ക് അധികപണം ചെലവഴിക്കേണ്ട ബാധ്യതയിൽ നിന്നും ആശ്വാസം ലഭിക്കാൻ ഉപകരിക്കും. അതോടൊപ്പം ആശുപത്രികൾ ഈടാക്കുന്ന ചികിത്സാ ചെലവിന് വിശദമായ ഇനം തിരിച്ചുള്ള രശീതിയും നൽകാൻ നിർബന്ധിതമാകേണ്ടതുണ്ട്.  

ഗുണനിലവാരമുള്ള മരുന്നുകളുടെ ഒരു പട്ടിക തയ്യാറാക്കി ഓൺലൈനായും അല്ലാതെയും അത് പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും അതിൽ നിന്നും ജെനറിക് നയിമിന്റെ അടിസ്ഥാനത്തിൽ രോഗികൾക്ക് താരതമ്യേന വില കുറഞ്ഞ മരുന്നുകൾ തെരഞ്ഞെടുക്കാൻ കഴിയുകയും ചെയ്താൽ രോഗികൾക്ക് സാമ്പത്തികനഷ്ടം ഒഴിവാക്കാനും ആവശ്യത്തിന് ഗുണനിലവാരമില്ലാത്ത മരുന്നുകളെ വിപണിയിൽ നിന്ന് മാറ്റിനിർത്താനും കഴിയുന്നതോടൊപ്പം മേൽപ്പറഞ്ഞ പോലെ ഒരു ഡോക്ടർ എഴുതിയ മരുന്ന് ആ ഹോസ്പിറ്റലിലല്ലാതെ മറ്റൊരിടത്തും ലഭിക്കാത്ത അവസ്ഥയ്ക്കും പരിഹാരമാകും.

ചികിത്സാ പിഴവുകളും അതോടൊപ്പമുള്ള പ്രശ്നങ്ങളുമാണ് പരിഹാരം കാണേണ്ട മറ്റൊരു പ്രധാന വിഷയം. ചികിത്സാ പിഴവ് മൂലം ഒരു രോഗിക്ക് മരണമോ, പരിഹരിക്കാനാവാത്ത ആരോഗ്യപ്രശ്നങ്ങളോ, സാമ്പത്തിക നഷ്ടമോ, സമയ നഷ്ടമോ ഉണ്ടായിക്കഴിഞ്ഞാൽ സംഘടിതനല്ലാത്തത് കൊണ്ട് തന്നെ അവന് നീതിയും നഷ്ടപരിഹാരവും കിട്ടുന്നതേയില്ല. ഈ വിഷയത്തിൽ രോഗികൾക്കോ അവരുടെ അനന്തരാവകാശികൾക്കോ നീതിയും നഷ്ടപരിഹാരവും എത്രയും വേഗം ലഭ്യമാക്കേണ്ടതും അത്തരം പിഴവുകൾക്ക് ഡോക്ടറും ആശുപത്രി നടത്തിപ്പുകാരും മറുപടി പറയാൻ ബാധ്യസ്ഥരും ആകേണ്ടതുണ്ട്. ചികിത്സാ പിഴവുകളേക്കുറിച്ച് പരാതിപ്പെടാൻ ഒരു സർക്കാർ ഏജൻസി പ്രത്യേകമായി ഉണ്ടാകേണ്ടതും അവർ സമയബന്ധിതമായി ഈ വിഷയങ്ങൾ അന്വേഷിച്ച് തീർപ്പുകൽപ്പിക്കേണ്ടതുമാണ്. അതോടൊപ്പം അർഹരായവർക്ക് നഷ്ടപരിഹാരം നൽകാൻ മോട്ടോർ വാഹന ഇൻഷുറൻസ് രംഗത്ത് ഉള്ളതിനു സമാനമായ സംവിധാനങ്ങൾ ഈ രംഗത്തും ആവശ്യമാണ്.

ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ലഭ്യമാക്കുക എന്നുള്ളതാണ് മറ്റൊന്ന്. ജനങ്ങളുടെ സാമ്പത്തിക നിലവാരമനുസരിച്ച് സൗജന്യമായും പണം ഈടാക്കിക്കൊണ്ടും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാം. അടുത്ത കാലത്ത് സർക്കാർ നൽകിയ ഇൻഷുറൻസ് കാർഡുകൾ ആശുപത്രികൾ വ്യാപകമായി ദുരുപയോഗം ചെയ്തതായുള്ള റിപ്പോർട്ടുകൾ നാം കണ്ടതാണല്ലോ?  മുൻപു പറഞ്ഞ പേർസണൽ ഹെൽത്ത് റെക്കോർഡ് (PHR)-ൽ ചികിത്സയുടെ എല്ലാ വശങ്ങളും വിശദമായി രേഖപ്പെടുത്തണമെന്ന് നിബന്ധന വന്നാൽ ഇൻഷുറൻസ് കാർഡുകളുടെ ദുരുപയോഗം ഫലപ്രദമായി കുറയ്ക്കാൻ സാധിക്കും.

മരുന്ന്, ചികിത്സാ ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാതാക്കൾക്കും വിതരണ ശൃംഖലകൾക്കും ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളാണ് ഇനിയുള്ളത്. ഇത്തരം ഉൽപ്പന്നങ്ങളുടെ വിലനിർണ്ണയാവകാശം സർക്കാർ ഏറ്റെടുക്കുകയും അവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വിലനിലവാരം, സാങ്കേതിക വിദ്യ, പേറ്റന്റ് തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച് ഒരു ഉൽപ്പന്നത്തിന് മേൽ ചുമത്താവുന്ന പരമാവധി വില സർക്കാർ നിശ്ചയിക്കുകയാണ് വേണ്ടത്. അതുപോലെ ഇല്ലാത്ത ഗുണങ്ങൾ ഉണ്ടെന്ന് പരസ്യം ചെയ്തും വേണ്ടത്ര ഗുണനിലവാര പരിശോധനകൾ നടത്താതെയും പുറത്തിറക്കുന്ന എല്ലാ മരുന്നുകളും ചികിത്സാ ഉപകരണങ്ങളും നിർബന്ധമായും നിരോധിക്കേണ്ടതുമാണ്. പരമാവധി വിലയിൽ നിന്നും ഗണ്യമായി വിലകുറച്ച് മരുന്നുകളും ചികിത്സാ ഉപകരണങ്ങളും വിൽക്കുന്ന സ്ഥാപനങ്ങളെ വിപുലീകരിക്കുകയും പ്രോത്സാഹിപ്പിക്കപ്പെടുക്കയും ചെയ്യേണ്ടതുണ്ട്.

മേൽപ്പറഞ്ഞതു പോലെയുള്ള മാറ്റങ്ങൾ ആരോഗ്യ പരിരക്ഷാരംഗത്ത് വരുത്താൻ ഭരണകൂടവും ജുഡീഷ്യറിയും മാധ്യമങ്ങളും ജനങ്ങളും ഒന്നിച്ചുനിന്ന് പരിശ്രമിച്ചാൽ വിഖ്യാതമായ കേരളാ മോഡൽ ആരോഗ്യ പരിരക്ഷയെ നമുക്ക് നിലനിർത്താവുന്നതേയുള്ളൂ. പക്ഷേ അതിനായി ഇച്ഛാശേഷിയോടെയുള്ള പ്രവർത്തനങ്ങൾ ആവശ്യമാണ്. അല്ലെങ്കിൽ ഭാവിയിൽ നമുക്ക് ആരോഗ്യ പരിരക്ഷാ രംഗത്തെക്കുറിച്ച് പരാമർശിക്കപ്പെടുമ്പോൾ  "ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്" എന്ന ബഷീറിയൻ വചനവും പറഞ്ഞ് സായൂജ്യമടയാം.
Tags: Kerala Model Health care, Health insurance, Personnel Health Record, Private Hospitals

2011, ജൂലൈ 23, ശനിയാഴ്‌ച

വിക്കിപീഡിയ

സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ . അറിവു പങ്കു വെക്കുക എന്ന ലക്ഷ്യത്തോടെ, ഉയര്‍ന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന, പരസ്പരബഹുമാനവും, വിജ്ഞാനതൃഷ്ണയുമുള്ള ഓണ്‍ലൈന്‍ സമൂഹമാണ് വിക്കീപീഡിയയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ അനേകം വിക്കിപീഡിയരുടെ ശ്രമഫലമായി ഇന്ന് മലയാളം വിക്കിപീഡിയയില്‍ ചെറുതും വലുതുമായി 18,818-ല്‍ ഏറെ ലേഖനങ്ങള്‍ ഉണ്ട്. എല്ലാ മാസവും മുന്നൂറോളം പുതിയ ലേഖനങ്ങള്‍ ചേര്‍ക്കപ്പെടുന്നു. പല ലേഖനങ്ങളും സചിത്ര ലേഖനങ്ങള്‍ ആണ്. ലേഖനങ്ങളിലെ ചിത്രങ്ങളും വിക്കിപീഡിയര്‍ തന്നെയാണ് സംഭാവന ചെയ്യുക.


മലയാളം വിക്കിപീഡിയയുടെ സഹോദര സംരംഭങ്ങളും അവയുടെ വെബ്‌വിലാസങ്ങളും താഴെച്ചേര്‍ക്കുന്നു:
വിക്കിഗ്രന്ഥശാല- http://ml.wikisource.org
വിക്കിപാഠശാല - http://ml.wikibooks.org
വിക്കിനിഘണ്ടു - http://ml.wiktionary.org
വിക്കിചൊല്ലുകള്‍ - http://ml.wikiquote.org

മലയാളം വിക്കിപീഡിയയെക്കുറിച്ച് കുടുതലറിയാന്‍.